KSRTC ഡ്രൈവറും മേയറും എം എൽ എയുമെല്ലാം ഉൾപ്പെട്ട വിവാദത്തിന്‍റെ രാഷ്ട്രീയ അലയൊലി ശക്തമായി തുടരുകയാണ് കേരളത്തിൽ. അതിനിടെയാണ് ആനവണ്ടിയുടെ മുൻസീറ്റിൽ നിന്ന് ഉയർന്ന ഒരു പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഡ്രൈവിങ്ങിന്‍റെ ഇടവേളയിൽ കെഎസ് ആർടിസി ബസ് ഡ്രൈവർ ആണ് പാട്ടിലൂടെ യാത്രയ്ക്ക് ഹരം പകർന്നത്. ചേർത്തല KSRTC ഡിപ്പോയിലെ ഡ്രൈവർ വയലാർ സ്വദേശി എൻ.രാജേന്ദ്രനാണ് വൈറൽ ഗായകൻ. പട്ടണക്കാട് പാറയില്‍ പ്രണവം സ്വാശ്രയ സംഘത്തിന്‍റെ യാത്രയാണ് സംഗീത സാന്ദ്രമായത്.
ചേർത്തല ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള കെഎസ്ആര്‍ടിസി ബജറ്റ് ടൂർ ട്രിപ്പിനിടെയാണ് ഡ്രൈവിങ് സീറ്റിലെ ഗായകനെ യാത്രക്കാർ തിരിച്ചറിയുന്നത്. യാത്രക്കാരുടെ ആവശ്യപ്രകാരം ഡ്രൈവർ പാടിയ പാട്ട് യാത്ര കൊഴുപ്പിച്ചു എന്നു മാത്രമല്ല, സമൂഹമാധ്യമങ്ങളിലും വൈറലായി.
KSRTC യിലെ വിനോദ യാത്രക്കിടെ യാത്രക്കാർക്കൊപ്പം അന്താക്ഷരി കളിക്കാൻ കൂടിയ കണ്ടക്ടറാണ്, ഡ്രൈവർ രാജേന്ദ്രൻ പാട്ടുപാടുമെന്ന് അറിയിച്ചത്. ഇടവേളയിൽ യാത്രക്കാരുടെ നിർബന്ധത്തിന് വഴങ്ങി രാജേന്ദ്രൻ പാട്ടുപാടി. യാത്രക്കാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. KSRTC യിലെ സഹപ്രവർത്തകരുടെ കൂട്ടായ്മകളിലും വീടിനടുത്തുള്ള ചടങ്ങുകളിലുമാണ് പാടിയിട്ടുള്ളത്. നേരത്തെ സൂപ്പർ ഫാസ്റ്റ് റൂട്ടുകളിലാണ് രാജേന്ദ്രൻ പോയിരുന്നത്.
KSRTC driver sings song