vaikom-water-crisis

TOPICS COVERED

വൈക്കത്ത് വെള്ളമില്ല, വെള്ളമില്ല എന്ന് പരാതി കേള്‍ക്കാത്ത നാളുകളില്ല. പഞ്ചായത്തംഗം മുതല്‍ എം.എല്‍.എ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദിനംപ്രതി കേള്‍ക്കുന്ന ആവലാതിയാണിത്. എന്നിട്ടും വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍ അവഗണിക്കുകയാണ് അധികൃതര്‍. ജലവിതരണ വകുപ്പിന്‍റെ പഴയ ശുദ്ധജല പമ്പിങ് കേന്ദ്രം ഒരു ഉദാഹരണം മാത്രം. 

അയ്യരുകുളങ്ങരയിലെ പമ്പിംഗ് കേന്ദ്രം കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ട് നാളുകളായി. കുറഞ്ഞ ചെലവിൽ പുനസ്ഥാപിക്കാവുന്ന പദ്ധതിയിലൂടെ  വൈക്കത്തെയും സമീപ പഞ്ചായത്തുകളിലെും കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നര ഏക്കർ വിസ്തൃതിയുള്ള കുളവും, ജലവിതരണ പദ്ധതിക്കായി പണിത  രണ്ട് വലിയ കിണറുകളും ഇവിടെയുണ്ട്. ഭിത്തികളിൽ വേരു പടർത്തി മരങ്ങൾ വളർന്നിട്ടും ഉറപ്പോടെ നിൽക്കുന്ന രണ്ട് കിണറുകളും കുളവും പ്രയോജനപ്പെടുത്തി നഗരസഭയ്ക്കായി ജലവിതരണ പദ്ധതി തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

 

ട്രീറ്റ്മെന്‍റ് പ്ലാൻറും ടാങ്കും ഉപയോഗിക്കാതെ കിടന്ന് നശിച്ചു. നഗരസഭാ പരിധിയിലാണെങ്കിൽ ഒരു കുടിവെള്ള പദ്ധതി പോലുമില്ല. നിലവിൽ വെള്ളൂർ ചങ്ങലപ്പാലം ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ നിന്നാണ് വൈക്കത്ത് കുടിവെള്ളം എത്തിക്കുന്നത് .  വൈക്കം നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണ് പലപ്പോഴും.

25 ദശലക്ഷം ലീറ്റർ കുടിവെള്ള പദ്ധതി സാധ്യമായാൽ അടുത്ത കാലത്തൊന്നും വൈക്കം നഗരത്തിൽ കുടിവെള്ളം മുടങ്ങില്ലെന്നു മാത്രമല്ല അത്യവശ്യ ഘട്ടങ്ങളിൽ ആറ് സമീപ പഞ്ചായത്തുകളിലും വെള്ളമെത്തിക്കാനാവും. എന്നാൽ ഇതിനായി നടപടി എടുക്കാൻ ജലവിതരണ വകുപ്പോ ജനപ്രതിനിധികളോ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധി.

ENGLISH SUMMARY:

Vaikom drinking water crisis.