കടുത്ത വേനലിൽ കൃഷി നശിച്ച ഏലം കർഷകരെ തിരിഞ്ഞു നോക്കാതെ സർക്കാർ. 113.54 കോടിയുടെ നഷ്ടം വിലയിരുത്തിയിട്ടും നയാപൈസ ധനസഹായം നൽകിയിട്ടില്ല. ഇടുക്കി പാക്കേജിലൂൾപ്പെടുത്തി സഹായം നല്‍കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പും പാഴായി.
ഈ കാണുന്ന മൂന്നര ഏക്കർ സ്ഥലത്തെ കൃഷിയാണ് പതിറ്റാണ്ടുകളായി കർഷകനായ വക്കച്ചന്റെ വരുമാന മാർഗം. പത്തുകൊല്ലം മുമ്പ് രണ്ട് ഏക്കർ സ്ഥലത്ത് ഏലം നട്ടു. പിന്നീട് പലതവണ നഷ്ടമുണ്ടായെങ്കിലും ഇത്തവണ കൈ പൊള്ളി. കടുത്ത വേനലിൽ കൃഷി പൂർണ്ണമായും കരിഞ്ഞുണങ്ങിയതോടെ വിളവെടുക്കാനായത് നഷ്ടം മാത്രം.
വേനലിൽ ജില്ലയിലുണ്ടായ കൃഷി നാശം പരിശോധിക്കൻ മേയ് മാസം കൃഷിമന്ത്രി നേരിട്ടെത്തി. 50000 ഹെക്ടർ സ്ഥലത്ത് ഏല കൃഷിയുള്ളതിൽ 16221 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിച്ചെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്. കര്‍ഷകരുടെ ദുരവസ്ഥ നേരിൽ കണ്ടിട്ടും കൃഷിമന്ത്രി ബോധപൂര്‍വ്വം കണ്ണടച്ചു. മന്ത്രി സന്ദര്‍ശനത്തിന് ചെലവാക്കിയ പണമെങ്കിലും നഷ്ടപരിഹാമായി ഉപയോഗിക്കാമായിരുന്നെന്നാണ് കര്‍ഷകരുടെ വിലാപം. ഇത്തവണ ഏലം വില കിലോയ്ക്ക് 3000 രൂപ എത്തിയിട്ടും സ്പൈസസ് ബോര്‍ഡ് അടക്കമുള്ള സംവിധാനങ്ങളും കര്‍ഷകരുടെ ബുദ്ധിമുട്ട് കണാന്‍ ഇതുവരെ തയാറയിട്ടില്ല.