ഇന്നലെ രാത്രി 9 മണിയോടെയാണ് വടാട്ടുപാറ സ്വദേശി മനോജിനെ കാട്ടാന ആക്രമിച്ചത്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോജിന് നേരെ ആനയും കുട്ടിയും പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ ബൈക്ക് മറിഞ്ഞ് ഇയാളുടെ മുഖത്തിന് പരുക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. മനോജിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതാദ്യമായിട്ടല്ല ഇത്തരത്തിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നതെന്ന് അപകടത്തിൽപ്പെട്ട മനോജിന്റെ മാതാവും, കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വിജയമ്മ ഗോപി പറഞ്ഞു. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഭൂതത്താൻകെട്ടിലെ വനം വകുപ്പ് ചെക്ക് പോസ്റ്റിന് മുന്നിൽ പ്രതിഷേധവുമായെത്തി. പൊലീസും വനംവകുപ്പുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. ആര്.ആര്.ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു.