TOPICS COVERED

മണ്ണിനെയും കൃഷിയെയും അടുത്തറിയാന്‍ ക്ലാസ് മുറികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി. എറണാകുളം ഒക്കലില്‍ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേള കേരളത്തിന്‍റെ കാര്‍ഷിക സംസ്ക്കാരത്തിലേയ്ക്ക് തുറക്കുന്ന വാതിലാണ്. ഒരു നാടിന്‍റെ ആഘോഷമാണ്.

പാഠപുസ്തകം അടച്ചുവച്ച് അവര്‍ പച്ചവിരിച്ച പാടത്തേയ്ക്ക് ഇറങ്ങി. നിരതെറ്റാതെ നടന്ന് നാട്ടറിവുകളുടെ നിധി കണ്ടെടുത്തു. മഴ നനഞ്ഞു. ചെളിയില്‍ ചിവിട്ടി. താറാവിന്‍ കൂട്ടങ്ങളെ കണ്ടു. പ്രകൃതിയോട് സംസാരിച്ചു. മണ്ണിന്‍റെ മനസറിഞ്ഞു. ഒക്കലിലെ വിത്തുല്‍പ്പാദന കേന്ദ്രം അങ്ങിനെ അവര്‍ക്ക് സിലബസിന് പുറത്തെ വിജ്ഞാനം പകര്‍ന്നു നല്‍കിയ വിശാലമായ ക്ലാസ് മുറിയായി. 13.68 ഹെക്ടറിലുള്ള ഫാമില്‍ കൃഷി വകുപ്പും എറണാകുളം ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് മേള സംഘടിപ്പിച്ചത്. കാര്‍ഷിക മേളയുടെ പതിവ് ചട്ടവട്ടങ്ങള്‍ക്കപ്പുറം ജനകീയോല്‍സവമാണ്. 

ചെളിക്കണ്ടത്തിലെ ഫുട്ബോള്‍ മല്‍സരത്തോടെയായിരുന്നു മേളയുടെ കിക്കോഫ്. ആധുനിക കൃഷി രീതികളുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം, കലാപരിപാടികള്‍, വടംവലി എന്നിവയുണ്ടാകും. മുപ്പതിലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍. പച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിപുലമായ ശേഖരവും പ്രദര്‍ശനത്തിലുണ്ട്.  

Students got out of the classes to embrace nature: