പറവൂര്‍ താലൂക്ക് സഹകരണ ബാങ്കിന്‍റെ സൗജന്യ അരി വിതരണം ആരോപണങ്ങളെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉല്‍പാദിപ്പിച്ച തിയതി അടക്കം നിയമപ്രകാരം നല്‍കേണ്ട വിശദാംശങ്ങള്‍ അരി പായ്ക്കറ്റുകളില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലെ രാഷ്ട്രീയപ്പോരിന് അരി വിതരണം വഴിവച്ചിരിക്കുകയാണ്.
പറവൂര്‍ താലൂക്ക് സഹകരണ ബാങ്ക് ഒാണാഘോഷത്തിന്‍റെ ഭാഗമായാണ് സൗജന്യമായി അരി വിതരണം ചെയ്യതത്. ഗുണനിലവാരം കുറഞ്ഞ അരിയാണെന്നും നിയമപ്രകാരം നല്‍കേണ്ട വിവരങ്ങള്‍ പായ്ക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോപിച്ച് സിപിഎം ഭരിക്കുന്ന ബാങ്കിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് പരാതി നല്‍കുകയും ചെയ്തു. കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് അരി വാങ്ങി വിതരണം ചെയ്യാതെ സ്വകാര്യ കമ്പനിയുടെ അരി വിതരണം ചെയ്യുന്നത് അഴിമതിയാണെന്ന് ആരോപിക്കുന്നു.
ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയതാല്‍പര്യങ്ങളാണെന്ന് ബാങ്ക് അധികൃതര്‍. പുതിയ പായ്ക്കറ്റുകള്‍ എത്തിച്ച് അരിവിതരണം ഉടന്‍ ആരംഭിക്കുമെന്ന് ബാങ്ക് ഭരണസമിതി വ്യക്തമാക്കി.