കൊച്ചിയുടെ വിശപ്പകറ്റുന്ന സമൃദ്ധിക്ക് മൂന്നാം പിറന്നാൾ. ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന എറണാകുളം നോർത്ത് പരമാര റോഡിലെ സമൃദ്ധി ഹോട്ടലിൽ തിരക്കിനും കുറവില്ല. കൊച്ചിയിൽ പലയിടത്തും സമൃദ്ധി ഹോട്ടലുകൾ തുറക്കാനുള്ള ആലോചനയിലാണ് കോർപ്പറേഷൻ.
20 രൂപ മുതലാണ് കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടലിൽ ഊണ് ലഭിക്കുക. പ്രാതൽ അടക്കമുള്ള മറ്റു വിഭവങ്ങൾക്കും വില തുച്ഛമാണ്. ഗുണ നിലവാരത്തിൽ കുറവ് വരാതെ നല്ല ഭക്ഷണം കിട്ടുന്ന ഈ സംരഭം ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിലെത്തിയവർ ഏറ്റെടുത്തു. ആളുകളുടെ എണ്ണം കൂടിയതോടെ പല വിഭവങ്ങൾ ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് ഹോട്ടൽ നടത്തിപ്പുകാർ.
ആദ്യ സമൃദ്ധി ഹോട്ടൽ വിജയം കണ്ടതോടെ ഫോർട്ട് കൊച്ചിയിലും പള്ളുരുത്തിയിലും കൂടി സ്ഥാപനങ്ങൾ തുറക്കാനാണ് കോർപറേഷന്‍റെ തീരുമാനം.
2021ൽ 14 കുടുംബശ്രീ പ്രവർത്തകരുമായാണ് സമൃദ്ധി ഹോട്ടൽ ആരംഭിക്കുന്നത്. ഇതുവരെ 24,000ത്തോളം പേർക്ക് ഭക്ഷണം വിളമ്പി. ഇന്ന് 98 കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളും, അവധി ദിവസങ്ങളിൽ സഹായത്തിന് എത്തുന്ന എൻ.എസ്.എസ് വിദ്യാർത്ഥികളും ചിരുന്നതാണ് കൊച്ചിക്കാരുടെ സ്വന്തം സമൃദ്ധി ഹോട്ടൽ.