വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മുഖം മിനുക്കിയ കൊച്ചി മാര്‍ക്കറ്റ് അടുത്ത മാസം തുറക്കാന്‍ ധാരണ. 275 കടമുറികളും വിശാലമായ പാര്‍ക്കിങ് സൗകര്യങളുമടക്കം ആധുനിക സംവിധാനങ്ങളോടെയാണ് മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. കൊച്ചിയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മാര്‍ക്കറ്റ്.
വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും പ്രൗഢിനശിച്ച് ശോചനീയാവസ്ഥയിലായിരുന്നു കൊച്ചി മാര്‍ക്കറ്റ്. അഞ്ച് വര്‍ഷം മുന്‍പാണ് മാര്‍ക്കറ്റ് നവീകരിക്കാന്‍ കര്‍മ പദ്ധതി തയ്യാറായത്. നിശ്ചയിച്ച സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ദുരിതം ഇരട്ടിയായി. പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ മാര്‍ക്കറ്റിന് ശാപമോക്ഷം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
വ്യാപാരികളുടെ സൗകര്യാര്‍ഥം ഒരുക്കിയ കടമുറികള്‍. 150 കാറുകളും 100 ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം. മാലിന്യം സംസ്കരണ പ്ലാന്‍റ്, ഉത്പന്നങ്ങളുടെ ലേലത്തിനായി പ്രത്യേകയിടവും മുഖം മിനുക്കിയ മാര്‍ക്കറ്റിലുണ്ട്. ചരക്കുകള്‍ ഇറക്കാനും കയറ്റാനും പുതിയ സംവിധാനത്തിനൊപ്പം ഗതാഗത കുരുക്കിനും പുതിയ മാര്‍ക്കറ്റ് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍റെ നേതൃത്വത്തില്‍ 72 കോടിയിലേറെ രൂപ ചെലവിട്ടാണ് നൂതന മാര്‍ക്കറ്റിന്‍റെ നിര്‍മാണം.