TOPICS COVERED

കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ ആരോഗ്യസര്‍വേ. പനി, വയറിളക്കം, ഛര്‍ദി തുടങ്ങിയ അസുഖങ്ങള്‍ താമസക്കാര്‍ക്ക് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തൃക്കാക്കര നഗരസഭ അറിയിച്ചു. 

കഴിഞ്ഞ ഒരുമാസത്തിനിടെ പനിയും വയറിളക്കവും ഛര്‍ദിയും ബാധിച്ച് ഡിഎല്‍എഫിലെ താമസക്കാരില്‍ ചികില്‍സ തേടിയത് മുപ്പതുപേരാണ്. ഒരാള്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ഈ സാഹചര്യത്തിലാണ്, മുന്‍കരുതലിന്‍റെ ഭാഗമായി ആരോഗ്യസര്‍വേ നടത്താന്‍ തീരുമാനമായത്. തൃക്കാക്കര നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിലാണ് സര്‍വേ. കുടിവെളളത്തില്‍ നിന്നാണോ രോഗബാധയുണ്ടായതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫ്ലാറ്റിലെ കുടിവെള്ള ടാങ്കുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. കിണര്‍, വാട്ടര്‍ അതോറിറ്റി, ജലസംഭരണി എന്നിവയില്‍ നിന്നുള്ള വെളളമാണ് ഫ്ലാറ്റുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, വെള്ളത്തിന്‍റെ പ്രശ്നം കാരണമല്ല രോഗബാധയുണ്ടായതെന്ന് ഫ്ലാറ്റ് അസോസിയേഷന്‍ നഗരസഭയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ മുന്നൂറിലേറെ പേര്‍ക്ക് വയറിളക്കബാധയുണ്ടാവുകയും കുടിവെളളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഫ്ലാറ്റ് അസോസിയേഷനും നഗരസഭയും ആരോഗ്യപ്രവര്‍ത്തകരും 

ഒരുപോലെ പഴികേട്ട സംഭവത്തിനുശേഷം ഡിഎല്‍എഫില്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ട്. നിലവില്‍ ഡിഎല്‍എഫ് ഫ്ലാറ്റില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള പറഞ്ഞു. പതിനഞ്ച് ടവറുകളിലായി 4500ലധികം താമസക്കാര്‍ ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ട്. 

Health survey at Kochi Kakanad DLF flat: