TOPICS COVERED

കൊച്ചി കാക്കനാട് വഴക്കാലയിൽ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. ജനവാസ മേഖലയിൽ അനുമതിയില്ലാതെയാണ് ആക്രിക്കട പ്രവർത്തിച്ചിരുന്നതെന്ന് തൃക്കാക്കര നഗരസഭ വ്യക്തമാക്കി. 

രാവിലെ പത്തുമണിയോടെയാണ് കാക്കനാട് കെന്നഡിമുക്കില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്. നിമിഷങ്ങൾക്കകം തീ ആളി പടർന്നു. പ്രദേശമാകെ പുകയിൽ മുങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ഗോഡൗൺ പൂർണമായി കത്തി നശിച്ചു. 

ഗോഡൗണിൽ ജീവനക്കാർ ഇല്ലാത്തതിരുന്നതിനാൽ ആളപായം ഒഴിവായി. വൻപുക ഉയർന്നതോടെ പ്രദേശവാസികളെ സ്ഥലത്ത് നിന്ന് മാറ്റി. ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ എത്തി മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, 

ജനവാസ മേഖലയിൽ അനുമതിയില്ലാതെയാണ് ആക്രി ഗോഡൗൺ പ്രവർത്തിച്ചതെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കെട്ടിട നമ്പർ പോലുമില്ലാതെ ഗോഡൗൺ പ്രവർത്തിപ്പിച്ചതിന് ഉടമയ്ക്കെതിരെയും വീഴ്ചവരുത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. 

ENGLISH SUMMARY:

A huge fire broke out in kochi kakkanad scarp godown