കൊച്ചി പൊന്നുരുന്നിയിൽ അങ്കണവാടിയിലെ കുട്ടികളിലെ ഛര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമായത് നോറോ വൈറസ് എന്ന് പരിശോധനാഫലം. മലവിസർജ്യത്തിൽ നിന്ന് പടരുന്ന വൈറസ് വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നാണ് കുട്ടികളിൽ എത്തിയത് എന്നാണ് നിഗമനം.
കഴിഞ്ഞ ഡിസംബറിൽ ആണ് അംഗൻവാടിയിലെ കുട്ടികൾക്ക് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങിയത്. ഉപ്പുമാവിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്നായിരുന്നു ആദ്യ നിഗമനം. അങ്കണവാടിയിൽ ഉപയോഗിച്ചിരുന്ന കുടിവെള്ളവും കുട്ടികളുടെ മലവും പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിലാണ് രോഗബാധ ഉണ്ടാവാൻ കാരണം നോറോ വൈറസിന്റെ സാന്നിധ്യമാണെന്ന് സ്ഥിരീകരിച്ചത്. വയറിളക്ക ബാധിതയായ കുട്ടിയിൽ നിന്നാവാം മറ്റു കുട്ടികൾക്കും അധ്യാപകർക്കും വീട്ടുകാർക്കും രോഗബാധയുണ്ടായത്.
അങ്കണവാടിയിൽ ഉപയോഗിച്ചിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ളം മലിനമാണെന്നും റിപ്പോർട്ടിലുണ്ട്. പരിശോധനയിൽ, അങ്കണവാടിയുടെ ടാങ്കിൽ ചത്ത പാറ്റകളെയും പല്ലികളെയും കണ്ടെത്തിയിരുന്നു. ഈ വെള്ളം ക്ലോറിനേഷൻ നടത്താതെ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു.