മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുന്ന കാക്കനാട് കീരേലിമല നിവാസികളുടെ ആശങ്കയകലുന്നു . ഈ ഓണത്തിന് മുൻപ് 13 കുടുംബങ്ങൾക്ക് പുതിയ താമസസ്ഥലമാകും. നിർമ്മാണ ചെലവിനുള്ള ആദ്യ ഗഡു ജില്ലാ കളക്ടർ കൈമാറി.
ഏത് നിമിഷവും തലക്ക് മുകളില്‍ വീഴാവുന്ന ഭീമന്‍ മണ്‍തിട്ടക്ക് സമീപം താമസിക്കുന്ന 13 കുടുംബങ്ങൾ പതിറ്റാണ്ടുകളായി പുനരധിവാസത്തിനുള്ള കാത്തിരിപ്പിലായിരുന്നു. പലതവണ പദ്ധതി മുടങ്ങിപ്പോയി. ഓരോ മഴക്കാലത്തും വീടുകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവർ കുടിയേറി പാർത്തു. ഒടുവിൽ വീട് നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് കുടുംബങ്ങൾക്ക് കൈമാറി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് ആദ്യഘട്ടത്തിൽ 12,36,300 രൂപയാണ് അനുവദിച്ചിരിക്കുന്നത്. വീടുപണിയാൻ ആകെ 4 ലക്ഷം രൂപ ഒരു കുടുംബത്തിന് ലഭിക്കും.
കാക്കനാട് ഗവൺമെന്റ് ജുവനൈൽ ഹോമിന് തൊട്ടു പുറകിലാണ് പുതിയ സ്ഥലം. ഒരു കുടുംബത്തിന് മൂന്ന് സെന്റ് വീതം. വീട് നിര്‍മ്മാണത്തിനായി വൈദ്യുതിയും വെള്ളവും ലഭ്യമാക്കും.