വൈക്കം ഉദയനാപുരത്ത് മില്ലുടമകളുമായുള്ള തർക്കത്തിൽ 145 ടൺ നെല്ല് സംഭരിക്കാതെ കിടക്കുന്നു.. ഗുണനിലവാരമുള്ള നെല്ലിന് 8 കിലോ കിഴിവ് ആവശ്യപ്പെടുന്നതായാണ് കർഷകരുടെ പരാതി. കണ്ടംങ്കേരി, വാഴമന നോർത്ത് പാടശേഖരങ്ങളിലാണ് 145 ടൺ നെല്ല് പാടത്ത് കിടക്കുന്നത്.
ഏക്കറിന് നാൽപതിനായിരം രൂപയോളം ചെലവാക്കി നെല്ല് കൊയ്ത സാധാരണക്കാരായ കർഷകരാണ് പാടത്ത് കിടക്കുന്ന നെല്ലിന് കാവലിരിക്കുന്നത്.കൊയ്തിട്ട നെല്ല്,പരിശോധനയിൽ ഗുണനിലവാരമുള്ളതായിട്ടും സംഭരിക്കാനെത്തിയ സ്വകാര്യമില്ലുകൾ ക്വിൻ്റലിന് 8 കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്. കലക്ടറുടെ ചർച്ചയിലെ ധാരണപ്രകാരം 2 കിലോ മാത്രം കിഴിവ് നൽകേണ്ടപ്പോഴാണ് മില്ലുകാരുടെ കൊളള.
35 ഏക്കർ കണ്ടംങ്കേരി പാടത്തെ 37 കർഷകരും 54 ഏക്കർ വാഴമന നോർത്ത് പാടത്തെ 27 കർഷകരുമാണ് പ്രതിസന്ധിയിലായത്.ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ വേനൽ മഴയും ഇടിത്തീയായി..ഈർപ്പത്തിന്റെ പേരും പറഞ്ഞ് ലാഭമുണ്ടാക്കാൻ നോക്കുന്ന മില്ലുകളുടെ തന്ത്രത്തിന് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നെന്ന് കർഷകർ
ഇങ്ങനെയെങ്കിൽ നെൽകൃഷി നിർത്തേണ്ടിവരും എന്നാണ് ഉദയനാപുരത്തെ കർഷകർ പറയുന്നത്. ഉടൻ സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി കൊയ്ത നെല്ലാകും കർഷകരുടെ കണ്ണീരായി മാറുക.