രാസമാലിന്യ ഭീഷണി നിലനിൽക്കുന്ന പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് തുടർക്കഥയാകുന്നു. പുഴയിലെ മത്സ്യങ്ങൾക്ക് പുറമേ കൂട് കൃഷിയിലെ കരിമീനും കാളാഞ്ചിയും ദിവസേന ചത്തുപൊങ്ങുന്നതായി കർഷകർ. വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യം പുഴയിൽ കലരുന്നുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നോക്കുകുത്തിയാണെന്നും ആരോപണം.
2024 മെയ് മാസത്തിൽ ഉണ്ടായ കൂട്ടമൽസ്യക്കുരുതിയെ തുടർന്ന് മത്സ്യക്കൂട് കൃഷി ഉപേക്ഷിക്കേണ്ടതായി വന്ന കർഷകരുണ്ട്. 15 ലക്ഷത്തിലധികം രൂപ അധിക ബാധ്യതയുള്ള ഇരുന്നൂറോളം കർഷകർ ഉണ്ടെന്നാണ് കണക്ക്. നഷ്ടപരിഹാരം ഒന്നും ഫിഷറീസ് വകുപ്പ് അനുവദിച്ചില്ലെങ്കിലും ഇത്തവണയും മത്സ്യക്കൂട് കൃഷി ചെയ്തവരുണ്ട്. എന്നാൽ പ്രതികൂലമായ സാഹചര്യമാണ് ഇവർക്ക് ചുറ്റും. കൂട്ടിലെ കരിമീനും കാളാഞ്ചിയും ദിവസേന ചത്തുപൊങ്ങുന്നു. പെരിയാർ തീരത്തെ വ്യവസായശാലകളിൽ നിന്നുള്ള രാസ മാലിന്യം പുഴയിൽ കലരുന്നതാണ് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.
ചേരാനല്ലൂർ, വരാപ്പുഴ ഭാഗങ്ങളിൽ പലപ്പോഴും പെരിയാർ പതഞ്ഞൊഴുകുന്നതായും നാട്ടുകാർ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡിനടക്കം പരാതി കൊടുത്തിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷത്തെ കൂട്ട മത്സ്യകുരുതിയുടെ കാരണക്കാരെ ഇതുവരെയും കണ്ടെത്തിയിട്ടുമില്ല.