Untitled design - 1

ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തിയുടെ കാരവൻ പാർക്ക് നിർമാണം. ഉടുമ്പൻചോലക്ക് സമീപം മാൻകുത്തിമേട്ടിലാണ് നിർമാണം പുരോഗമിക്കുന്നത്. ഭൂമിയിലെ കയ്യേറ്റമൊഴുപ്പിക്കാൻ ഒരു മാസം മുൻപേ ഉത്തരവിട്ടിട്ടും നടപടിയായില്ല 

 

സർക്കാരിന്റെ കാരവൻ ടൂറിസം പോളിസി പ്രകാരം കാരവൻ പാർക്ക് സ്ഥാപിക്കാൻ 2022 ലാണ് മാൻകുത്തിമേട്ടിൽ കറുകച്ചാൽ സ്വദേശി മൂന്നേക്കർ കൃഷിഭൂമി വാങ്ങിയത്. 

ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നൽകിയതാണ് സ്ഥലം. ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ നടത്താൻ പാടില്ലത്തതിനാൽ കഴിഞ്ഞ വർഷം ചതുരംഗപ്പാറ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നൽകി. ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെ പരിശോധിച്ച് നടപടിയെടുക്കാൻ റവന്യു വകുപ്പിന് നിർദേശം നൽകി. എന്നാൽ കോടതി വിധി അവഗണിച്ച് നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയതോടെ ഡിസംബറിൽ വീണ്ടും സ്റ്റോപ്പ്‌ മെമ്മോ നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാല്പത് സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് നിർമാണമെന്ന് കണ്ടെത്തിയത്. പാർക്കിങ് സൗകര്യവും, രണ്ട് ടെന്റുകളും, കാരവനും സർക്കാർ ഭൂമിയിലാണുള്ളത്. ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ നീക്കനും കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാനും കഴിഞ്ഞ മാസം സർക്കാർ ഉത്തരവിട്ടിരുന്നു. കയ്യേറ്റം ഒഴിയണമെന്ന് നോട്ടീസ് നൽകി ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയൊന്നുമായില്ല. റവന്യു സർവേയിൽ തെറ്റുണ്ടെന്നും ഭൂമി വീണ്ടും അളക്കണമെന്നും ചൂണ്ടിക്കാട്ടി സ്ഥലമുടമ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത ദിവസം തന്നെ കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യു വകുപ്പിന്റെ തീരുമാനം. 

ENGLISH SUMMARY:

Allegations of Government Land Grab for Private Individual's Caravan Park Construction