TOPICS COVERED

ഇടുക്കി തൊടുപുഴ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ യുഡിഎഫിൽ പൊട്ടിത്തെറി. എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി പേടിപ്പിക്കണ്ടെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. തൊടുപുഴ നഗരസഭയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങി കോൺഗ്രസ് ജില്ലാ നേതൃത്വം.

കൈയിൽ കിട്ടിയ ഭരണം തമ്മിൽ തല്ലി നഷ്ടപ്പെടുത്തിയതോടെ ജില്ലയിലെ യുഡിഎഫ് ക്യാമ്പിൽ ഭിന്നത തുടരുകയാണ്. കോൺഗ്രസ്‌ മുസ്ലിം ലീഗ് നേതാക്കൾ തമ്മിലുള്ള വെല്ലുവിളികൾക്കും കുറവില്ല. കോൺഗ്രസ്‌ തിരുത്താൻ തയ്യാറായില്ലെങ്കിൽ സഹകരിക്കാനില്ലെന്ന ലീഗ് ജില്ല നേതൃത്വത്തിന്റെ നിലപാട്  ഡി സി സി പ്രസിഡന്റ് തള്ളി. 

ഇന്നലെ നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ പാളയത്തിലെത്തിക്കാനുള്ള ശ്രമം ഡിസിസി നടത്തിയിരുന്നു. മുന്നണി യോഗത്തില്‍ ഇത് വിശദീകരിച്ചിട്ടും വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടില്‍ ലീഗ് നേതൃത്വം ഉറച്ചു നിന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രമ്യമായി പരിഹരിക്കാവുന്ന പ്രശ്നം വഷളാക്കിയതില്‍ കേരള കോണ്‍ഗ്രസും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നത മുസ്ലിം ലീഗ് ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ യു ഡി എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന.  യു ഡി എഫി ലെ ഭിന്നതയിൽ കേരള കോൺഗ്രസിന്റെ  നിലപാടും നിർണായകമാകും. 

ENGLISH SUMMARY:

Conflict in UDF after defeat in Idukki Thodupuzha Municipal Corporation Chairman election