dirty-water

ഇടുക്കി ഏലപ്പാറ സർക്കാർ ആശുപത്രിയിലെ ഉപയോഗത്തിന് എത്തുന്നത് കിണറിലെ മലിനജലം. സമീപത്തെ കെട്ടിടത്തിന്‍റെ ടാങ്കിൽ നിന്നാണ് കിണറ്റിലേക്ക് മാലിന്യം ഒലിച്ചിറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പീരുമേട് ഗ്രാമപഞ്ചായത്ത് പൊലീസിൽ പരാതി നൽകി. 

ഏലപ്പാറ ടൗണിൽ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് നിർമ്മിച്ച ഈ കിണറിൽ നിന്നാണ് ആശുപത്രി ആവശ്യത്തിനുൾപ്പടെ വെള്ളം എത്തുന്നത്. കഴിഞ്ഞ ദിവസം വെള്ളത്തിന്റെ നിറം മാറിയതോടെ നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മാലിന്യം കലർന്നെന്ന് സ്ഥിരീകരിച്ചത്. കിണറിനോട് ചേർന്നുള്ള കെട്ടിടത്തിൽ കഴിഞ്ഞദിവസം പെയിന്റിങ് ജോലികൾ നടന്നിരുന്നു. ഇതിനുശേഷം ഒഴുക്കിവിട്ട വെള്ളമാണ് കിണറ്റിൽ കലർന്നതെന്നാണ് കണ്ടെത്തൽ.

ശുചിമുറി മാലിന്യം കിണറ്റിൽ കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ പരിശോധനകൾ നടന്നു വരികയാണ്. മേഖലയിലെ നിരവധി പേർ ആശ്രയിക്കുന്ന കിണർ സംരക്ഷിക്കാൻ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ENGLISH SUMMARY:

The waste water from the well reaches the Idukki Elapara Government Hospital