അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ മുറിവാലനും ചരിഞ്ഞതോടെ ഇടുക്കി ചിന്നക്കനാൽ നിവാസികളുടെ കാട്ടാന ഭീതി ഒഴിയുകയാണ്. പൂർണ്ണവളർച്ചയെത്തിയ കൊമ്പൻമാരിൽ ഇനി അവശേഷിക്കുന്നത് ചക്കക്കൊമ്പൻ മാത്രമാണ്. കാട്ടാന ആക്രമണത്തിൽ നിരവധി പേരാണ് ചിന്നക്കനാലിൽ മരിച്ചത്.
മനുഷ്യ വന്യജീവി സംഘർഷങ്ങൾ മൂലം എന്നും വാർത്തകളിൽ നിറഞ്ഞു നിറഞ്ഞു നിന്നിടമാണ് ചിന്നക്കനാൽ. പ്രശ്നക്കാരനായ അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ചക്കക്കൊമ്പനും മുറിവാലനും പിന്നെയും മേഖലയിൽ ഭീതി വിതച്ചു. നിരവധി ജീവനുകൾ പൊലിഞ്ഞു. വീടുകൾ തകർന്നു. ഏറ്റവും ഒടുക്കം ചക്കക്കൊമ്പനുമായി കൊമ്പു കോർത്ത മുറിവാലൻ പരുക്കേറ്റു ചരിഞ്ഞു.
കൊമ്പൻമാരിലിനി ചക്കക്കൊമ്പനൊപ്പം മൂന്ന് കുട്ടിക്കൊമ്പന്മാരാണ് അവശേഷിക്കുന്നത്. അവ പൂർണ്ണവളർച്ചയെത്തുമോയെന്ന കാര്യവും ഉറപ്പില്ല. വന്യജീവി ആക്രമണങ്ങളുടെ പേരിൽ ഇനി വാർത്തകളിൽ നിറയെരുതെന്നാണ് നിസഹായരായ ഈ നാട്ടിലെ മനുഷ്യരുടെ ആഗ്രഹം.