ഇടുക്കി ചൊക്രമുടി മലനിരകളിലെ കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് സൂചന. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് സമർപ്പിക്കും. കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതിൽ റവന്യു ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് സിപിഐ നേതാവ് കെ.കെ.ശിവരാമൻ ആരോപിച്ചു.
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലയായ ചൊക്രമുടിയിൽ 25 ഏക്കറോളം സ്ഥലം കയ്യേറിയാണ് അനധികൃത നിർമ്മാണത്തിന് തുടക്കമിട്ടത്. കയ്യേറ്റം കണ്ടെത്തി തടയുന്നതിൽ ഉദ്യോഗസ്ഥർക്ക് പിഴവു പറ്റിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പലതവണ പരാതി കിട്ടിയിട്ടും മേഖലയിൽ പരിശോധന നടത്താനോ നടപടിയെടുക്കാനോ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറായില്ല. നിർമ്മാണ നിരോധനം നിലനിൽക്കുന്ന മേഖലയിൽ വീട് വയ്ക്കാൻ അനുമതി കൊടുത്തതിലും ക്രമക്കേടുണ്ട്.
ചൊക്രമുടിയിൽ ഭൂമി കയ്യേറിയ അടിമാലി സ്വദേശി സിബി ജോസഫിന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി കൊടുത്തതിൽ മുൻ ജില്ലാ കളക്ടർ ഷീബ ജോർജ് അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമന്റെ ആരോപണം. കയ്യേറ്റക്കാർക്ക് റവന്യൂ മന്ത്രി ഒത്താശ ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ കയ്യേറ്റത്തിന് മുന്നിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയാണെന്ന പ്രതിരോധം തീർക്കുകയാണ് ജില്ലയിലെ സിപിഐ നേതൃത്വം