ഇടുക്കി ആനച്ചാലിൽ ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കിയ പ്രിൻസസ് ഡി മൂന്നാർ റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകി വെള്ളത്തൂവൽ പഞ്ചായത്ത്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. 

ആനച്ചാൽ ടൗണിലും ഈട്ടി സിറ്റിക്ക് പോകുന്ന വഴിയിലും ശുചിമുറിമാലിന്യം ഒഴുകിയെത്തിയതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റിസോർട്ടിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും മേഖലയിൽ പരിശോധന നടത്തി. റിസോർട്ടിൽ നിന്നും മോട്ടോർ ഉപയോഗിച്ച് മാലിന്യം പുറന്തള്ളുന്നത് കണ്ടെത്തിയതോടെ ഏഴ് ദിവസത്തേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം തടഞ്ഞത്. 

സമീപത്തെ മറ്റ് റിസോർട്ടുകളിലും പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം പുറത്തേക്കൊഴുക്കുന്ന റിസോർട്ടുകൾക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നുമാണ്‌ വെള്ളത്തുവൽ പഞ്ചായത്തിന്റെ വിശദീകരണം. 

ENGLISH SUMMARY:

Stop memo to Princess D Munnar Resort for dumping toilet waste on road