ഭൂരഹിതയ്ക്ക് വീടവയ്ക്കാന്‍ നല്‍കിയസ്ഥലം കൈക്കലാക്കി ഇടുക്കി ചിത്തിരപുരത്ത് റിസോര്‍ട്ടുകാരുടെ ജലചൂഷണം. സീറോ ലാന്‍ഡ് പദ്ധതി പ്രകാരം സര്‍ക്കാര്‍ മറയൂര്‍ സ്വദേശിയായ ആനന്ദവല്ലിക്ക് വീട് വയ്ക്കാന്‍ നല്‍കിയ മൂന്ന് സെന്‍റ് ഭൂമിയിലാണ് സ്വകാര്യ റിസോര്‍ട്ടിലേക്ക് കിണര്‍ കുഴിച്ച് വന്‍ തോതില്‍ ജലമൂറ്റുന്നത്. ജല ചൂഷണം പ്രദേശത്ത് വരള്‍ച്ചയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാന്‍ റവന്യുവകുപ്പ് തയ്യാറായിട്ടില്ല. ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്ന് കാട്ടി പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി ആറ് മാസം പിന്നിട്ടിട്ടും നടപടിയില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു
ചിത്തിരപുരത്ത് 2015 ലാണ് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്തത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കിണറ്റിലെ മോട്ടോര്‍ ഉള്‍പ്പടെ എടുത്ത് മാറ്റുകയും റിസോര്‍ട്ടിനെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് രണ്ട് മാസം മുമ്പ് ദേവികുളം തഹസില്‍ദാര്‍ പരാതിക്കാര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു
25 കൊല്ലത്തേക്ക് വില്‍ക്കാനോ വാണിജ്യ ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കാനോ പാടില്ലാത്ത ഭൂമിയിലെ കിണര്‍ നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയതോടെ ഭൂമി സര്‍ക്കാരിലേക്ക് വിട്ടു നല്‍കാമെന്ന് ഉടമ ആനന്ദവല്ലി തഹസില്‍ദാരെ അറിയിച്ചിരുന്നു. എന്നാല്‍ പട്ടയം റദ് ചെയ്യുകയോ ഭൂമി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.
ചിത്തിരപുരത്ത് സീറോ ലാന്‍ഡ് മേഖലയില്‍ നിര്‍മിച്ച വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നും പരാതിയുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഉടന്‍ തന്നെ നടപടിയെടുക്കുമെന്നാണ് റവന്യുവകുപ്പിന്‍റെ വിശദീകരണം. സ്വകാര്യ റിസോര്‍ട്ടുകാര്‍ക്ക് റവന്യു വകുപ്പ് സംരക്ഷണമൊരുക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.