ഇടുക്കി തൊട്ടിയാർ ജലവൈദ്യുതി പദ്ധതി മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. 40 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നിർമാണം തുടങ്ങി 15 വർഷത്തിന് ശേഷമാണ് യാഥാർത്ഥ്യമാകുന്നത്.
ദേവിയാർ പുഴയുടെ ഭാഗമായ തൊട്ടിയാറിൽ 222 മീറ്റർ നീളവും ഏഴര മീറ്റർ ഉയരവുമുള്ള തടയണ നിർമിച്ചാണ് വെള്ളം സംഭരിക്കുന്നത്. നീണ്ട പാറയിലെ പവർഹൗസിൽ വെള്ളം എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദനം. പ്രതിവർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ചാലക്കുടി സബ്സ്റ്റേഷൻ വഴിയാണ് വൈദ്യുതി വിതരണം. 188 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവ്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി പൂർത്തിയാകുന്നതോടെ 100 മെഗാവാട്ട് വൈദ്യുതി കേരള ഗ്രിഡിലേക്ക് ചേർക്കപ്പെടും
ചിന്നാർ, മാങ്കുളം ജലവൈദ്യുതി പദ്ധതികളും അന്തിമഘട്ടത്തിലാണ്. ചിന്നാറിൽ 24 മെഗാവാട്ടും, മാങ്കുളത്ത് 40 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാനാകും. 480 മെഗാവാട്ട് ശേഷിയുള്ള ശബരി എക്സ്റ്റൻഷൻ സ്കീം, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി പദ്ധതികളും ഉടൻ തന്നെ പൂർത്തീകരിക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം