ആത്മവിശ്വാസം കരുത്താക്കി കേരളത്തിന്റെ കായിക ഭൂപടത്തിൽ സ്വന്തമായൊരു ഇടം ഉണ്ടാക്കിയ കഥയാണ് ഇടുക്കി ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റേത്. ഹൈറേഞ്ചിലെ കാലാവസ്ഥയോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി ദേശീയതലത്തിലടക്കം നിരവധി മെഡലുകളാണ് ഇവിടുത്തെ താരങ്ങൾ വാരിക്കുട്ടിയത്.
രണ്ടു പുഴകളോട് ചേർന്ന് കിടക്കുന്ന ഇരട്ടയാറെന്ന ഗ്രാമത്തിനും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനും പറയാനുള്ളത് നാല്പത് വർഷത്തെ കായിക ചരിത്രമാണ്. മികച്ച സൗകര്യങ്ങളുടെ ആനുകൂല്യങ്ങൾ ഇല്ലാതെ ഇവിടെ നിന്ന് 40ലേറെ പേർ സംസ്ഥാന കായികമേളയും കടന്ന് ദേശീയതലത്തിൽ എത്തി. അവരിൽ പലരും ചാമ്പ്യന്മാരായി
കയ്യിലുള്ളതെല്ലാം നൽകി താൻ വളർത്തിയെടുത്ത താരങ്ങളെ ട്രാക്കിലിറക്കാൻ പെടാപാട് പെടുന്നൊരു കായിക അധ്യാപകൻ ഇവിടെയുണ്ട് . മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് പലതവണ പറഞ്ഞിട്ടും അധികൃതർ ഇതുവരെ കനിഞ്ഞിട്ടില്ല.