സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിൽ ഇടുക്കിയിൽ പ്രതിഷേധം ശക്തം. ഡാമുകളോട് ചേർന്ന് കഴിയുന്ന ആറ് പഞ്ചായത്തിലെ ആളുകളെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നാണ് ആക്ഷേപം. ബഫർ സോൺ സംബന്ധിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് ജലവിഭവ വകുപ്പിന്റെ വിശദീകരണം.
ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ 20 ഡാമുകളിലും പരമാവധി പരിധിക്കുമപ്പുറം രണ്ട് ക്യാറ്റഗറികളായി തിരിച്ച് ബഫർസോൺ ഏർപ്പെടുത്തുമെന്നാണ് ഉത്തരവ്. ആദ്യ 20 മീറ്ററർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ലെന്നും നൂറ് മീറ്റർ ചുറ്റളവിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതി വേണമെന്നുമാണ് നിർദേശം. ഇടുക്കിയിൽ മലങ്കര ജലാശയത്തോട് ചേർന്നുള്ള കുടയത്തൂർ, അറക്കുളം, ഇടവെട്ടി, മുട്ടം, ആലക്കോട്, വെളളിയാമറ്റം പഞ്ചായത്തുകളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഉത്തരവിനെപ്പറ്റി ഉദ്യോഗസ്ഥർക്ക് വ്യക്തമായ ധാരണയില്ലെന്നണ് നാട്ടുകാരുടെ ആരോപണം.
കെഎസ്ഇബി കൂടി ഡാമുകളുടെ കരുതൽ മേഖല പുനർ വിന്യസിച്ച് സമാനരീതിയിൽ ഉത്തരവിറക്കിയാൽ കാർഷിക മേഖലയിലുൾപ്പെടെ വലിയ പ്രതിസന്ധിയുണ്ടാകും. എന്നാൽ നേരത്തെ ഉണ്ടായിരുന്ന ബഫർ സോൺ പരിധി കുറക്കുകയാണ് ചെയ്തതെന്നാണ് ജലവിഭവ വകുപ്പിന്റെ വിശദീകരണം. ഉത്തരവിൽ പ്രതിഷേധിച്ച് മലങ്കര ജലാശയത്തിന് ചുറ്റുമുള്ള ആറ് പഞ്ചായത്തിലെ ജനങ്ങൾ ഈ മാസം 22ന് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് ഓഫീസിനു മുന്നിൽ ധർണ നടത്തും.