ഇടുക്കി കാഞ്ചിയാറിൽ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. പള്ളിക്കവലയിൽ ഒന്നേകാലേക്കാറിലെ വാഴ കൃഷി പൂർണ്ണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ
കാഞ്ചിയാർ പള്ളിക്കവല കിടങ്ങ് സ്വദേശികളായ ജോർജുകുട്ടി, മാത്യു, സണ്ണി, മോനച്ചൻ എന്നിവർ ചേർന്ന് നടത്തിയ വാഴ കൃഷിയാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും നശിച്ചത്. അടുത്തമാസം വിളവെടുപ്പിന് ഒരുങ്ങി ഇരിക്കുമ്പോഴാണ് മഴ വില്ലനായത്. 450 ലേറെ വാഴകൾ ഒടിഞ്ഞുവീണതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ
ശക്തമായ കാറ്റിൽ മറ്റു കൃഷിയിടങ്ങളിലും വിളകൾ നശിച്ചു. മേഖലയിൽ ഇന്ന് കൃഷി വകുപ്പ് അധികൃതർ പരിശോധന നടത്തും. കൃഷിനാശത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ നൽകണമെന്നാണ് കർഷകരുടെ ആവശ്യം