കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ചതോടെ ദുരിതത്തിലാണ് ഇടുക്കി കോളപ്ര അടൂർമല നിവാസികൾ. ആദിവാസികളടക്കം ആശ്രയിക്കുന്ന റോഡാണ് പൈപ്പിടുന്നതിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് കുത്തിപ്പൊളിച്ചത്.
സ്കൂളും, അങ്കണവാടിയും, പ്രാഥമികആരോഗ്യ കേന്ദ്രവുമുള്ള അടൂർ മലയിലെത്താൻ കോളപ്ര മുതൽ ഈ ദുരിതപാത താണ്ടണം. കുടിവെള്ള പദ്ധതിക്കായി മൂന്ന് വർഷം മുൻപാണ് റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിടൽ കഴിഞ്ഞെങ്കിലും വെള്ളം ഇപ്പോഴും കിട്ടാക്കനി.
10 ലക്ഷം രൂപ റോഡ് നിർമാണത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ചെന്ന് പഞ്ചായത്ത് പറയുമ്പോഴും പണി നടക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പദ്ധതിക്കായി ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ പ്രകാരം കിട്ടിയ മറുപടി. ഇനി ഈ ദുരിതം മറികടക്കാൻ ഏത് വാതിലിൽ മുട്ടണമെന്ന് ഇവിടുത്തുകാർക്ക് അറിയില്ല