റബർ ബോർഡിനുകീഴിൽ മണിമല മുക്കടയിൽ പ്രവർത്തിക്കുന്ന കരിക്കാട്ടൂർ സെൻട്രൽ റബർ നഴ്സറി, വ്യവസായ പാർക്ക് ആക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധം. റബർ ഉത്പാദക സംഘങ്ങളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇന്നുമുതൽ നഴ്സറിക്ക് മുന്നിൽ ധർണ്ണ ആരംഭിക്കും.
കേരളത്തിലെ റബ്ബർ കർഷകർക്ക് അത്യുല്പാദനശേഷിയുള്ള റബ്ബർ തൈകൾ ലഭ്യമാക്കുന്നതിനുവേണ്ടി 1961 ൽ ആരംഭിച്ചതാണ് കരിക്കാട്ടൂർ സെൻട്രൽ നഴ്സറി. കേരളത്തില്‍ റബ്ബർ വിപ്ലവത്തിന് തുടക്കം കുറിച്ച പ്രത്യേക ഇനം തൈകൾ ഉല്പാദിപ്പിച്ചതും വിതരണം ചെയ്തതും ഇവിടെയായിരുന്നു. ഇക്കഴിഞ്ഞ വർഷവും 5 ലക്ഷത്തിലധികം റബർ തൈകൾ ഇവിടെ നിന്ന് വിതരണം ചെയ്തു. റബർ കർഷകർക്ക് ഏറെ ഉപകാരമുള്ള നഴ്സറി പൂട്ടാൻ തീരുമാനിച്ചതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങളെന്ന് റബർ കർഷകർ ആരോപിച്ചു.
Also Read : റോഷന്‍ വര്‍ഗീസിന്‍റെ സംരക്ഷകര്‍ സിപിഎമ്മിലെ ഒരു വിഭാഗവും പൊലീസും
റബ്ബർ ബോർഡിന് പരീക്ഷണങ്ങൾക്കായി വിട്ടു നൽകിയ സ്ഥലം തിരിച്ചെടുത്ത് വ്യവസായ പാർക്കിനായി നീക്കം നടത്തുന്നത് സംസ്ഥാന സർക്കാരാണ് എന്നാണ് പരാതി. റബ്ബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ NCRPSന്‍റെ നേതൃത്വത്തില്‍ വിപുലമായ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. റബർ കർഷകർക്കായി നയങ്ങൾ രൂപീകരിക്കുമെന്ന് പറയുമ്പോഴും നേർവിപരീതമായാണ് സർക്കാർ പ്രവർത്തിക്കുന്നെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.