വൈക്കം നഗരസഭയിലെ കേന്ദ്രസർക്കാർ പദ്ധതിയുടെ പേരുമാറ്റി കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ബിജെപി. കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരതിൻ്റെ നഗരസഭയിലെ രണ്ടാമത്തെ ആരോഗ്യ കേന്ദ്രത്തിന് മാനദണ്ഡപ്രകാരം പേര് വെച്ചില്ല എന്നാണ് ആരോപണം. വൈക്കം നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രമെന്നായിരുന്നു നോട്ടീസിലെ പേര്.
നഗരസഭയുടെ കീഴിൽ കേന്ദ്ര പദ്ധതിയിലെ രണ്ടാമത്തെ ആരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനായി കോട്ടയം എംപി ഫ്രാൻസിസ് ജോർജ് എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞാണ് സ്വീകരണ യാത്ര കടത്തിവിട്ടത്. പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തുമാറ്റിയത്.
അയുഷ്മാൻ ഭാരത് എന്ന് നാമകരണം ചെയ്ത കേന്ദ്ര പദ്ധതി നോട്ടീസിലും കെട്ടിടത്തിന്റെ ഒരു വശത്തും നഗരസഭയുടേതെന്ന രീതിയിൽ പരസ്യപ്പെടുത്തിയെന്നുമാണ് ബി.ജെ പി യുടെ പരാതി. പ്രധാനമന്ത്രിയുടേയും കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ചിത്രങ്ങൾ വെച്ചില്ലെന്നും ബിജെപി പരാതിപ്പെടുന്നു. അതേസമയം ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാണ് കെട്ടിടത്തിന് പേര് വെച്ചിരിക്കുന്നത്. പതിനഞ്ചാം വാർഡിൽ പെരുമശ്ശേരിയിലാണ് നഗരസഭയിലെ രണ്ടാമത്തെ ആരോഗ്യ കേന്ദ്രം തുറന്നത്.