വിവാദങ്ങളും പരാതികളുമായി പണിമുടങ്ങി കിടന്നിരുന്ന വൈക്കം വെച്ചൂർ അഞ്ചുമന പാലം നിർമ്മാണം ഒടുവിൽ പൂർത്തിയാകുന്നു. കരാർ കാലാവധി കഴിഞ്ഞ് മൂന്ന് വർഷം പൂർത്തിയാകുമ്പോഴാണ് പാലത്തിന്റെ അപ്രോച്ച് റോഡിന്‍റെ ടാറിങ് നടക്കുന്നത്. പാലം തുറക്കുന്നതോടെ ഒരു നാട് അനുഭവിച്ച ദുരിതങ്ങൾക്കു കൂടിയാണ് പരിഹാരമാവുന്നത്.
വൈക്കം വെച്ചൂർ റോഡിൽ അഞ്ചുമന തോടിന് കുറുകെയുണ്ടായിരുന്ന കലുങ്ക് പൊളിച്ച് ഗതാഗത സൗകര്യം കൂട്ടാനാണ് ഈ പാലം പണിതത്. കിഫ്ബി പദ്ധതിയിൽ വൈക്കം വെച്ചൂർ റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ പണിയുന്ന പദ്ധതിയുടെ ഭാഗമായാണ് പാലം നിർമ്മാണം തുടങ്ങിയത്.
2020 ഒക്ടോബറിൽ തുടങ്ങി ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു മൂന്ന് കോടി 31 ലക്ഷത്തിന്‍റെ കരാർ. എന്നാൽ കരാർ തുകയുടെ വലിപ്പത്തിനനുസരിച്ചുള്ള നിർമ്മാണ വേഗതയും പണിക്കാരും നിർമ്മാണ സമയത്തുണ്ടായില്ല.പാലം പണി ഇഴയുന്നതിനിടെ പലകോണുകളിൽ നിന്ന് പരാതികൾ.
രാഷ്ട്രീയ പ്രതിഷേധം ശക്തമായപ്പോൾ നിൽക്കകള്ളിയില്ലാതെ ഇടതുസംഘടനകളും പാലത്തിനായി പ്രതിഷേധിച്ചു തുടങ്ങി. ഏറെ പ്രതിസന്ധികളും തർക്കങ്ങളും പിന്നിട്ട ശേഷമാണ് നിർമ്മാണം തുടങ്ങി നാലു വർഷത്തിന് ശേഷം 18 മീറ്റർ പാലത്തിൻന്‍റെ അപ്രോച്ച് റോഡ് ടാറിംഗ് ബുധനാഴ്ച പൂർത്തിയാക്കിയത്. ഇനി അപ്രോച്ച് റോഡിന്‍റെ സുരക്ഷാ വേലികൾ സ്ഥാപിച്ച് അവസാന മിനുക്ക് പണികൾ തീർത്താൽ പാലം തുറക്കാം. നാലു വർഷമായി അടച്ചിട്ട അഞ്ചുമന തോട് തുറന്നാൽ കാർഷിക മേഖലയിലെ പ്രതിസന്ധിയും ഒഴിവാകും. അതിനായുള്ള കാത്തിരിപ്പാണ് ഇനി.