വൈക്കം ഇടയാഴം - കല്ലറ റോഡിൽ ശുചിമുറി മാലിന്യമാണ് പ്രശ്നം. പൊലീസിൽ പരാതിപ്പെടുന്നവരുടെ വീടുകൾക്കു മുന്നിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്ന പ്രതിരോധവും പ്രതികള്‍ സ്വീകരിച്ചതോടെ പെട്ടിരിക്കുകയാണ് നാട്ടുകാര്‍. എല്ലാ റിസ്കുമെടുത്ത് സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നുമില്ല.
ഇടയാഴം കല്ലറ റോഡരുകിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുകയാണ്. നാണുപറമ്പ് തോട്ടിൽ രാസമാലിന്യം നിറഞ്ഞതോടെ നാട്ടുകാരും കർഷകരും പ്രതിസന്ധിയിലാണ്. റോഡിൽ വെച്ചൂർ പഞ്ചായത്ത് , ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കേടുവരുത്തിയാണ് ഗുണ്ടാ സംഘങ്ങളുടെ പിൻബലത്തിൽ മാലിന്യം തള്ളൽ തുടരുന്നത്.
പുലർച്ചെ 2.20 ന് ടാങ്കർ എത്തി ഇടയാഴം സെന്‍റ് മേരീസ് എൽ.പി സ്കൂളിന് സമീപം നിർത്തി റോഡരുകിലെ ചതുപ്പിൽ മാലിന്യം തള്ളുന്നതും വേഗത്തിൽ മടങ്ങുന്നതും സിസിവിടിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒൻമ്പതാം തീയതി ഇവിടെ മാലിന്യം തള്ളിയപ്പോഴും വൈക്കം പൊലീസിൽ സ്കൂൾ അധികൃതർ പരാതി നൽകിയിരുന്നതാണ്.
പരാതി നൽകുന്നവരുടെ വീടിന് മുന്നിൽ മാലിന്യം തള്ളി ഗുണ്ടാ സംഘങ്ങളുടെ ഭീഷണി സ്ഥിരമായതോടെ നാട്ടുകാരും ഭീതിയിലായിരുന്നു. പരാതി ഉയരുമ്പോൾ രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസ് മടങ്ങി കഴിഞ്ഞാലുടനെയാവും ടാങ്കറുകളിൽ ശുചിമുറി മാലിന്യം എത്തുന്നത്. മാലിന്യം വ്യാപിച്ചതോടെ സ്കൂൾ കുട്ടികളും രോഗഭീതിയിലാണ്. ആരോഗ്യ പ്രവർത്തകർ എത്തി പ്രദേശത്ത് തുടർനടപടികൾ സ്വീകരിച്ചു.