plywood-factory

TOPICS COVERED

ജനവാസകേന്ദ്രത്തിൽ മൂന്ന് പ്ലൈവുഡ് ഫാക്ടറികള്‍ ആരംഭിക്കാനുള്ള നീക്കത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് മണിയാക്കുപാറയിലാണ് ഫാക്ടറിയ്ക്കായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഫാക്ടറികള്‍ ഒരേ സ്ഥലത്ത് ആരംഭിക്കുന്നതോടെ വായു-ജല മലിനീകരണം നിയന്ത്രണാതീതമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക

 

മരങ്ങാട്ടുപിള്ളി - ഉഴവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മണിയാക്കുപാറയിലാണ് 3 പ്ലൈവുഡ് സംസ്‌കരണ ഫാക്ടറികള്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. പെരുമ്പാവൂരിൽ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ മലിനീകരണപ്രശ്‌നത്തെ തുടര്‍ന്ന് ലൈസന്‍സ് പുതുക്കുന്നത് തടസ്സപ്പെട്ടതോടെ ഇവിടേയ്ക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കാനാണ് നീക്കം. സ്ഥലം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി ഷെഡ്ഡുകള്‍ വരെ നിര്‍മിച്ച് കഴിഞ്ഞു. 2ഉം 3ഉം ഫാക്ടറികള്‍ക്കുകൂടി എത്തുമെന്ന് അറിഞ്ഞതോടെയാണ് പ്രതിഷേധം. 

ജലക്ഷാമം രൂക്ഷമായ മണിയാക്കുപാറയില്‍ ഫാക്ടറികൂടി വരുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാലിന്യ പ്രശ്നങ്ങളും കുടിവെള്ള മലിനീകരണ സാധ്യതയും പരിഗണിക്കാതെ പ്രദേശത്ത് ഫാക്ടറികള്‍ ആരംഭിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തുംചെറുക്കാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.

ENGLISH SUMMARY:

Move to start plywood factories in residential area; protests intensify