വൈക്കത്ത് വൈറൽപനി വ്യാപനം രൂക്ഷമാകുന്നു. ഒരു സ്കൂളിൽ മാത്രം നൂറ്റമ്പതിലധികം വിദ്യാർഥികളിൽ വൈറൽ പനി ബാധിച്ചതായാണ് വിവരം. എന്നാൽ ആരോഗ്യ വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയിൽ 14 കുട്ടികൾക്കും മൂന്ന് അധ്യാപകർക്കും മാത്രമാണ് വൈറൽ പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് വൈക്കത്ത് ഒരാഴ്ചയ്ക്കിടെ രണ്ടു കുട്ടികൾ മരണപ്പെട്ടതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകൾ ആരംഭിച്ചു
സ്കൂൾ വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും വൈറൽ പനി വ്യാപിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വൈക്കം നഗരസഭാ പരിധിയിൽ ഏറ്റവും അധികം കുട്ടികളുള്ള ഒരു സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചത്. നൂറിലധികം കുട്ടികൾക്ക് പനി ബാധിച്ചതായി വിവരമുണ്ടെങ്കിലും ഔദ്യോഗിക കണക്കിൽ 14 വിദ്യാർത്ഥികളിലും മൂന്ന് അദ്ധ്യാപകരിലും മാത്രമാണ് വൈറൽ പനി സ്ഥിരീകരിച്ചിരിക്കുന്നത്.
കുറച്ച് നാളായി വൈക്കത്ത് പനി വ്യാപനമുണ്ടായിട്ടും വേണ്ടത്ര ബോധവൽക്കരണ നടപടിയൊന്നും ആരോഗ്യ വകുപ്പൊ നഗരസഭയോ ചെയ്തില്ലെന്ന ആക്ഷേപമുയർന്നതിനിടെയാണ് ഒരു സ്കൂളിൽ മാത്രം ഇത്രയധികം പനി ബാധിതർ ഉണ്ടായിരിക്കുന്നത്. വൈക്കത്ത് പരിശോധന നടത്തി നടപടികൾ സ്വീകരിക്കാൻ DMO നിർദ്ദേശം നൽകിയിട്ടുണ്ട് . ഇന്നുമുതൽ വൈക്കം താലൂക്ക് ആശുപത്രിയിൽ സ്രവപരിശോധന ആരംഭിക്കും. പനി വ്യാപനത്തിൽ ആരോഗ്യ വകുപ്പു നഗരസഭയും വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് പ്രശ്ന കാരണമെന്നാണ് പരാതി ഉയരുന്നത്