വൈക്കത്ത് വൈറൽ പനി വ്യാപകമായതോടെ പനി ബാധിതരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് നോട്ടീസ്. പനി വ്യാപകമായ സ്കൂളിനും വൈക്കം AEO യ്ക്കുമാണ് നോട്ടീസ് നൽകിയത്. വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് രോഗലക്ഷണങ്ങൾ നോക്കി എച്ച് വൺ എൻ വൺ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 100-ല്‍ അധികം വിദ്യാര്‍ഥികൾക്കും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 20ലധികം പേർക്കുമാണ് വൈക്കത്ത് പനി ബാധിച്ചത്. രണ്ടു സ്കൂളുകളിലായി പനിബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടു കുട്ടികൾ മരണപ്പെട്ടു.. ഏറ്റവും കൂടുതൽ കുട്ടികൾക്ക് പനി ബാധിച്ച വൈക്കം ടൗണിലെ ഒരു സ്കൂളിനോടാണ് വിവരങ്ങൾ തേടിയത്. വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് പരിശോധനക്കെത്തിയപ്പോൾ 39 വിദ്യാര്‍ഥികളും 13 ജീവനക്കാരും അന്ന് ഹാജരായിട്ടില്ലെന്നാണ് കണ്ടെത്തിയത്..
ശരീരം വേദന, തളര്‍ച്ച, ചുമ, ലക്ഷണങ്ങളോടെയാണ് പലർക്കും പനി ഉണ്ടായിരിക്കുന്നത്. ചിലര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വൈറൽ പനിയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പനി ബാധിതരുടെ വിവരങ്ങൾ സ്കൂളധികൃതർ നൽകിയാലുടൻ രോഗലക്ഷങ്ങൾ പരിശോധിച്ച് സ്രവങ്ങൾ എടുത്ത് ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിക്കും. ഏതാനും മാസങ്ങൾക്ക് മുൻപ് പനി വ്യാപനമുണ്ടായിട്ടും ആരോഗ്യ വകുപ്പിനെ അറിയിക്കാൻ സ്കൂളധികൃതർ തയ്യാറായിരുന്നില്ലെന്നും ആക്ഷേപമുണ്ട്..