തലസ്ഥാനനഗരിയിൽ കൗമാരകലോത്സവം പൊടി പൊടിക്കുമ്പോൾ ചങ്ങനാശേരിയിൽ ഇന്നലെ ഒരു മെഗാമാർഗംകളി അരങ്ങറി. ഏഴും 12ഉം പേരല്ല 2025 പേരാണ് മാർഗംകളിയിൽ ചുവടുവെച്ചത്. തിരുപ്പിറവിയുടെ 2025-ാം വാർഷികഘോഷത്തിന്‍റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപത മാതൃവേദിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഏഴു തിരിയിട്ട് കൊളുത്തിയ കുരിശുവിളക്കിനു ചുറ്റും അണിനിരന്നത് 2025 മാർഗംകളിക്കാരാണ്. ചട്ടയും മുണ്ടുമുടുത്ത് താളം ചവിട്ടിയപ്പോൾ അഞ്ചുജില്ലകളിൽ നിന്നെത്തിയവരെങ്കിലും ചുവടുകളെല്ലാം ഒരുപോലെ.
525 പേർ ചേർന്നാണ് പാട്ടുപാടിയത്. പാട്ടിൻറെ ഈണത്തിന് കൈമണിത്താളത്തിന്‍റെ ഇമ്പം. മേയ്ക്കാ മോതിരവും കുണുക്കും കാശിമാലയും ചടുലതാളങ്ങളിൽ തിളങ്ങിയാടി. 11 മിനിറ്റ് കാഴ്ചയുടെ, ഈണത്തിന്‍റെ ഉത്സവം.
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ബി കോളജ് ഗ്രൗണ്ടിൽ നടന്ന മാർഗംകളിയിൽ അതിരൂപതയിലെ 80,000 കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുത്തത്.