നിത്യാഭ്യാസം ആയതുകൊണ്ട് അത്യാവശ്യം ഗതാഗതക്കുരുക്കുമായി പൊരുത്തപ്പെട്ടവരാണ് കൊച്ചിക്കാർ. എന്നാൽ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണം തുടങ്ങിയതോടെ ഗതാഗത കുരുക്കിന്‍റെ അസഹനീയ അവസ്ഥയിലാണ് പാലാരിവട്ടം പാലം മുതൽ കാക്കനാട് വരെയുള്ള യാത്ര. ഒന്നോ രണ്ടോ ദിവസത്തെകാര്യമല്ല, മാസങ്ങളായി ഈ വഴി യാത്ര ചെയ്യുന്നവരുടെ അവസ്ഥയാണിത്.
രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല. പാലാരിവട്ടം - കാക്കനാട് റൂട്ടിൽ നിർത്തിയും, നിരക്കിയും, വളഞ്ഞും, തിരിഞ്ഞുമൊക്കെ ഒച്ചുവേഗത്തിലാണ് യാത്ര. ഇവരാരും വികസനത്തിനെതിരല്ല. വികസനത്തെ പിന്തുണക്കുന്നവരാണ്. ഒരു ബദൽ സംവിധാനമൊരുക്കി, നിർമാണം നടത്തിയാൽ എല്ലാവർക്കും സൗകര്യമാകില്ലേ എന്നൊരൊറ്റ ചോദ്യമേ ഇവർക്കുന്നയിക്കാനുള്ളു.