വൈക്കം നഗരസഭയിലെയും സമീപത്തെ മൂന്നു പഞ്ചായത്തുകളിലെയും വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം കണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത്. പുല്ലും പായലും അടിഞ്ഞ് നീരൊഴുക്ക് നിലച്ച വലിയാനപ്പുഴ ശുചീകരിച്ചാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പരിഹാരം. പത്ത് ലക്ഷം രൂപ മുടക്കിയാണ് ആദ്യഘട്ട ശുചീകരണത്തിന് തുടക്കമായത്.
മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും പ്രദേശവാസികൾക്ക് രോഗഭീഷണിയുമായ വലിയാനപ്പുഴയ്ക്ക് അങ്ങനെ ശാപമോക്ഷം കിട്ടുകയാണ്..ഇറിഗേഷൻ വകുപ്പിന് ഫണ്ടില്ലാത്തതായിരുന്നു പ്രതിസന്ധി..എന്നാൽ നാടിൻ്റെ ദുരിതം കണ്ടറിഞ്ഞ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഒടുവിൽ നടപടി സ്വീകരിച്ചു.
പത്ത് ലക്ഷം രൂപ മുടക്കി തോട്ടകത്ത് നിന്ന് ചെമ്മനത്തുകര തറയിൽകടവ് വരെയുള്ള 700 മീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ ശുചീകരിച്ചത്..ഇതോടെ വൈക്കം നഗരസഭയിലെയും ഉദയനാപുരം, തലയാഴം, കല്ലറ പഞ്ചായത്തുകളിലെയും ആയിരത്തിലധികം കുടുംബങ്ങൾക്കും പ്രയോജനം കിട്ടും. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന വലിയാന പുഴശുചീകരണം കൂടാതെ 42 ലക്ഷം രൂപ മുടക്കി ആറ് പഞ്ചായത്തുകളിലെ ഇടതോടുകളും ശുചിയാക്കി നീരൊഴുക്ക് സാധ്യമാക്കാനുള്ള പദ്ധതിയും നടപ്പിലാക്കും