കോട്ടയം അയ്മനം പഞ്ചായത്തിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പൂർത്തിയാക്കിയ വാട്ടർ പാർക്ക് ഇന്ന് തുറന്നു കൊടുക്കും.. അയ്മനം വലിയമടയിലാണ് വിനോദസഞ്ചാര വകുപ്പിന്റെ വാട്ടർ പാർക്ക് പ്രവർത്തനം തുടങ്ങുന്നത്..അഞ്ചര ഏക്കറിൽ പൂർത്തിയാക്കിയ പാർക്കിലേക്ക് ആദ്യദിനം തന്നെ വലിയ തിരക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
സായാഹ്നക്കാഴ്ചകൾ കണ്ട് ഫ്ലോട്ടിങ് പാലത്തിലൂടെ നടത്തം, ശുദ്ധജലം നിറഞ്ഞ ജലാശയത്തിലൂടെ കയാക്കിങ്,ഭക്ഷണം കഴിച്ച് സുഹൃത്തുകൾക്കും കുടുംബത്തിനുമൊപ്പം ഇത്തിരിനേരം.. പടിഞ്ഞാറൻ മേഖലയുടെ സൗന്ദര്യം നുകരാൻ വലിയമട വാട്ടർ പാർക്ക് ഇന്ന് മുതൽ തുറക്കുകയാണ്
4.85 കോടി രൂപ മുടക്കിയാണ് വിനോദസഞ്ചാര വകുപ്പ് അയ്മനം പഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തീകരിച്ചത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.
വാട്ടർ ഫൗണ്ടൻ, ഫ്ലോട്ടിങ് റസ്റ്റാറൻ്റ്, ഫ്ലോട്ടിങ് വാക് വേ, പെഡൽ ബോട്ടിങ്,കുട്ടികൾക്കുള്ള കളിയിടം, തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാത്രി 11 മണിവരെയാണ് പാർക്കിലെ പ്രവേശനം. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കുമരകത്തിൻ്റെ സമീപ പ്രദേശമായതിനാൽ തദ്ദേ ശ വിനോദസഞ്ചാരികളെപ്പോലെ തന്നെ കുമരകത്ത് എത്തുന്ന വിദേശ സഞ്ചാരികളെയും വലിയ മടയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ