കോണ്‍ക്രീറ്റ് കട്ട വിരിച്ചപ്പോള്‍ പഞ്ചായത്തിനു റോഡ് മാറിപ്പോയി. പഞ്ചായത്ത് റോഡിനു പകരം കട്ട വിരിച്ചത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍. തൃശൂര്‍ മാള പഞ്ചായത്തിനാണ് അമളി പറ്റിയത്. സ്വകാര്യ വ്യക്തി നിയമ നടപടി തുടങ്ങി. 

അഞ്ചുലക്ഷം മുടക്കിയാണ് മാള പ‍ഞ്ചായത്ത് വഴിയില്‍ കോണ്‍ക്രീറ്റ് കട്ടവിരിച്ചത്. പക്ഷേ, റോഡു മാറിപ്പോയി. പഞ്ചായത്തിന്റെ റോഡാണെന്ന് കരുതി കട്ടവിരിച്ചതാകട്ടെ സ്വകാര്യ ഭൂമിയിലും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലായിരുന്നു കട്ടവിരിക്കല്‍. മാള സ്വദേശിനിയായ റോസ്മിയുടേയും കുടുംബത്തിന്റെ വഴിയായിരുന്നു ഇത്. ഇവരാകട്ടെ ഇവിടെയല്ല താമസം. ഈയിടെ നാട്ടില്‍ വന്നപ്പോഴാണ് കട്ടവിരിച്ചതായി കാണുന്നത്. ഉടനെ, പഞ്ചായത്ത് ഓഫിസില്‍ തിരക്കി. അത്, പഞ്ചായത്തിന്റെ വഴിയാണെന്ന് കട്ടായം പറഞ്ഞു. ആധാരം ഉള്‍പ്പെടെ കാണിച്ചപ്പോഴാണ് പഞ്ചായത്തിന് െതറ്റ് ബോധ്യപ്പെട്ടത്.

തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം കുറ്റക്കാര്‍ പഞ്ചായത്താണ്. പ്രതിപക്ഷം പഞ്ചായത്തു ഭരണസമിതിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഒട്ടേറെ റോഡുകള്‍ ടാര്‍ ചെയ്യാനും കട്ടവിരിക്കാനുമുണ്ട്. വിരിച്ച കട്ടകള്‍ എടുത്തുമാറ്റുമോയെന്ന് പഞ്ചായത്ത് നേതൃത്വം ഇനിയും വ്യക്തമാക്കിയിട്ടില്ല.  

ENGLISH SUMMARY:

Concreting on private land instead of road