chalakudiarrestout

TOPICS COVERED

ചാലക്കുടി റയില്‍വേ സ്റ്റേഷനില്‍ നാലു ലക്ഷം രൂപ തട്ടിച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ട നാലു പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ട്രെയിന്‍ തട്ടിയെന്നും മൂന്നു പേര്‍ പുഴയില്‍ ചാടിയെന്നും ട്രെയിനിലെ ലോക്കോ പൈലറ്റ് അറിയിച്ചിരുന്നു. ട്രെയിന്‍ തട്ടിയ ആള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികില്‍സയില്‍ കഴിയുന്നു

 

നിധി കിട്ടിയ സ്വര്‍ണം വില കുറച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളായ രണ്ടു പേരെ ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തിയത് ഉത്തരേന്ത്യന്‍ സംഘമായിരുന്നു. നാലു ലക്ഷം രൂപ വാങ്ങി സ്വര്‍ണം കൈമാറി. ഇതു പരിശോധിച്ചപ്പോള്‍ മുക്കുപ്പണ്ടമാണെന്ന് നാദാപുരം സ്വദേശികള്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കും പണവുമായി ഉത്തരേന്ത്യന്‍ സംഘം ട്രാക്കിലൂടെ ഓടി. പിന്നാലെ, ഓടിയെങ്കിലും പിടികൂടാനായില്ല. ഇതിനിടെയാണ്, എതിരെ വന്ന ട്രെയിന്‍ തട്ടിയതും പുഴയിലേക്ക് ചാടിയതും. ട്രെയിന്‍ തട്ടിയ ആളുടെ കൈകാലുകള്‍ ഒ‍ടിഞ്ഞു. പുഴയില്‍ നിന്ന് രക്ഷപ്പെട്ട നാലു പേരും ഓട്ടോ വിളിച്ച് അങ്കമാലിയില്‍ എത്തി. പിന്നീട്, പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടി. പുഴയില്‍ ചാടിയ നാലു പേര്‍ക്കായി സ്കൂബ ടീമിനെ കൊണ്ടുവന്നും തിരച്ചില്‍ നടത്തിയിരുന്നു. 

അസാമുകാരായ മുഹമ്മദ്‌ സിറാജുൽ ഇസ്ലാം, അബ്ദുൽ കലാം, ഗുൽജാർ ഹുസൈൻ, മുഹമ്മദ്‌ മുസ്മിൽ ഹഖ്  എന്നിവരെയാണ്  ചാലക്കുടി ഡി.വൈ.എസ്.പി കെ.സുമേഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. നാദാപുരത്തെ മണ്ണുമാന്തി വാഹനത്തിന്‍റെ ഡ്രൈവറാണ് മുഹമ്മദ് സിറാജുല്‍ ഇസ്ലാം. ഇങ്ങനെയാണ്  നാദാപുരം സ്വദേശികള്‍ പ്രതികളുമായി ബന്ധപ്പെടുന്നതും, തട്ടിപ്പിനിരയാകുന്നതും.