തൃശൂര്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫിസ് കൗണ്ടര്‍ കുത്തിതുറന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിയുന്നത്. മേല്‍ക്കൂരയിലെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. മേശ കുത്തിതുറന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. പഴയന്നൂര്‍ പൊലീസ് ഉടനെയെത്തി തെളിവുകള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
സ്ഥിരം കള്ളന്മാരാണോ ഇതു ചെയ്തതെന്ന് അറിയാന്‍ വിരലടയാളം സഹായിച്ചേക്കും. ഇന്നലെ വൈകിട്ടത്തെ വരുമാന തുക കൗണ്ടറില്‍ സൂക്ഷിക്കുകയാണ് പതിവ്. സിസിടിവി കാമറകള്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു. ഇത് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണ്. തൃശൂര്‍ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഉല്‍സവ സീസണ് തുടങ്ങുന്നത് തന്നെ വില്വാദ്രിനാഥ സന്നിധിയില്‍ നിന്നാണ്. മേളകലാകാരന്മാര്ക്ക് കൊട്ടാന്‍ ഇഷ്ടമുള്ള പ്രിയപ്പെട്ട ഇടം. മോഷ്ടാവിനെ തിരിച്ചറിയാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.