തൃശൂര്‍ കുന്നംകുളം റോഡില്‍ അറ്റക്കുറ്റപ്പണി തുടങ്ങി. റോഡ് നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാപകല്‍ സമരം നടത്തി. തൃശൂര്‍, കുറ്റിപ്പുറം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിയേയും പൊതുമരാമത്തു മന്ത്രിയേയും വഴിയില്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ മുന്നറിയിപ്പ് നല്‍കി. 

ഏറെക്കാലമായി ദുരിത യാത്രയാണ് തൃശൂര്‍ കുന്നംകുളം റോഡില്‍. മുഖ്യമന്ത്രി പോലും ഈ വഴി ഉപേക്ഷിച്ച് പോയതോടെ വാര്‍ത്തയില്‍ സ്ഥിരമായി ഇടംപിടിച്ച റോഡ്. മഴമാറി നിന്നതോടെ കുഴിയടയ്ക്കല്‍ തുടങ്ങി. പക്ഷേ, പലയിടത്തും പേരിനു മാത്രമാണ് അറ്റക്കുറ്റപ്പണി. ദുരിത യാത്ര ഇനിയും തുടരും. ഈ സാഹചര്യത്തിലാണ് കേച്ചേരിയില്‍ കോണ്‍ഗ്രസ് രാപകല്‍ സമരം നടത്തിയത്. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.

മുപ്പത്തിമൂന്നു കിലോമീറ്റര്‍ ദൂരമാണ് റോഡ് പണി പൂര്‍ത്തിയാക്കാനുള്ളത്. നേരത്തെ പണി ഏറ്റെടുത്ത കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ കരാര്‍ കമ്പനി പണി ഏറ്റെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

The Congress staged a day and night strike to protest the delay in the construction of the Thrissur-Kunnamkulam road