ചെണ്ടുമല്ലി കൃഷിയ്ക്കായി കൃഷിഭവന്‍ വിതരണം ചെയ്ത തൈകളില്‍ പൂ വിരിഞ്ഞില്ല. തൃശൂര്‍ കടവല്ലൂരിലെ കര്‍ഷകര്‍ക്കാണ് പൂ കൃഷി നഷ്ടമുണ്ടാക്കിയത്. ഹൈബ്രിഡ് ചെണ്ടുമല്ലിയെന്ന് പറഞ്ഞ് നാടന്‍ തൈകള്‍ നല്‍കി പറ്റിച്ചെന്നാണ് കര്‍ഷകരുടെ ആരോപണം.
ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കള്‍ നിറയേണ്ടടിത്താണ് ഇപ്പോഴും മൊട്ടുപോലുമിടാതെ ചെടികള്‍ നില്‍ക്കുന്നത്. പഞ്ചായത്ത് സബ്സിഡി നല്‍കിയതിനാല്‍ യുവാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും കടവല്ലൂരില്‍ പലയിടത്തും കൃഷിയിറക്കിയിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. 4 രൂപയ്ക്കായിരുന്നു ഹൈബ്രിഡ് ചെണ്ടുമല്ലിയെന്ന് പറഞ്ഞ് കൃഷി ഭവന്‍ തൈകള്‍ നല്‍കിയത്. ഒരു രൂപ കര്‍ഷകരില്‍ നിന്നും ഈടാക്കി. വിതരണം ചെയ്ത ഒരു ലക്ഷം തൈകളും പാഴായ മട്ടാണ്.
വിളവെടുപ്പ് നടക്കാതെ വന്നതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഉദ്ഘാടനമോ വിപണന മേളകളോ നടന്നില്ല. നല്ല വളവും പരിചരണവും നല്‍കിയായിരുന്നു കൃഷി നടത്തിയത്. കൃഷി ഭവന്‍ നല്‍കിയ തൈകളുടെ പോരായ്മയാണ് പ്രശ്നമെന്ന് കര്‍ഷകര്‍ പറയുന്നു. ഏക്കറുകണക്കിന് സ്ഥലത്ത് കൃഷിയിറക്കിയവര്‍ക്ക് നഷ്ടം മാത്രം ബാക്കിയായി.