ശക്തന്‍ തമ്പുരാന്‍ പ്രതിമ പൗഢി വീണ്ടെടുത്ത് തൃശൂരേയ്ക്ക്. മാസങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കേടുപാടുകള്‍ പറ്റിയ വെങ്കലപ്രതിമയാണ് തിരുവനന്തപുരത്ത് ശില്‍പി കുന്നുവിള മുരളി വീണ്ടെടുത്തത്. ആയിരത്തിഅഞ്ഞൂറുകിലോ ഭാരമുള്ള പൂര്‍ണകായ പ്രതിമ വീണ്ടും ശക്തന്‍ സ്ക്വയറിന് ചൈതന്യമാകും.
തൃശൂരിന്‍റെ ശില്‍പി ശക്തന്‍ തമ്പുരാന്‍ തയാറെടുത്തുകഴിഞ്ഞു. പൂരത്തിന്‍റെ ഉപജ്ഞാതാവ് ശക്തന്‍ സ്ക്വയറില്‍ പഴയപടി നിലകൊള്ളും. അവസാനമിനുക്കുപണികള്‍ പൂര്‍ത്തിയാക്കുകയാണ് 2013 ല്‍ ഈ പ്രതിമ തീര്‍ത്ത ശില്‍പി കുന്നുവിള മുരളി. ജൂണിലാണ് കെഎസ്‌ആർടിസിയുടെ ലോ ഫ്ലോർ ബസിടിച്ച് ശക്തൻ തമ്പുരാന്‍റെ പ്രതിമ മറിഞ്ഞുവീണത്. പ്രതിമയുടെ പകുതിക്ക് താഴെ പൂർണമായി തകർന്നു. തുടർന്ന് തൃശ്ശൂരിൽ നിന്ന്റോഡ്മാർഗം പാപ്പനംകോട്ടെ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ചാണ് തകരാറുകള്‍ പരിഹരിച്ചത്. യാത്രയുടെ ആരംഭമായി. വളരെ സൂക്ഷിച്ച് പോറല്‍പോലും ഏല്‍ക്കാതെ ആവരണങ്ങള്‍ പൊതിഞ്ഞു. യന്ത്രസഹായത്തോടെ വാഹനത്തിലേക്ക്. കെഎസ്ആര്‍ടിസി നല്‍കിയ നഷ്ടപരിഹാരത്തിന് പുറമെ എംഎല്‍എ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് പ്രതിമയുടെ പ്രതാപം വീണ്ടെടുത്തത്.