ശക്തമായ മഴയില്‍ തൃശൂര്‍ കാര്യാട്ടുകരയിലെ ബണ്ട് പൊട്ടി നൂറ്റിയന്‍പതേക്കര്‍ കൃഷി നശിച്ചു. തൃശൂര്‍ നഗരത്തിലെ മലിനജലമാണ് കോള്‍പാടത്തേക്ക് ഒഴുകി എത്തിയത്.
മാരാര്‍ കോള്‍പടവിന്റെ ബണ്ടാണ് പൊട്ടിയത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ബണ്ട് പൊട്ടി ജലം പ്രവഹിച്ചു. നേരെ പാടത്തേയ്ക്ക് ഒഴുകിയെത്തി. രണ്ടു മാസം മുമ്പ് നട്ട ഞാറെല്ലാം മലിനജലത്തില്‍ മുങ്ങി.
ബണ്ടിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് പലതവണ കോര്‍പറേഷനെ സമീപിച്ചിരുന്നതായി ഡിവിഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് പറഞ്ഞു. നെല്‍പാടം പഴയപടിയാക്കിയെടുക്കാന്‍ കര്‍ഷകര്‍ ഏറെ പണിയെടുക്കേണ്ടി വരും. മാത്രവുമല്ല, പാടത്താകെ മലിനജലമായതിനാല്‍ കൃഷി തുടങ്ങാന്‍ ഇതെല്ലാം മാറ്റണം.