tcr-medical-college

TOPICS COVERED

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വാഭാവിക മരണം സംഭവിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പൊലീസിന്‍റെ എന്‍.ഒ.സി വേണമെന്ന സുരക്ഷാ ജീവനക്കാരന്‍റെ പിടിവാശി. ഇതോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകി. അതിഥി തൊഴിലാളികളുടെ ക്ഷേമ സംഘടന പരാതി നല്‍കിയതോടെ സുരക്ഷാ ജീവനക്കാരനെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി.

 

തൃശൂര്‍ കാട്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം വിമാനമാര്‍ഗം നാട്ടില്‍ എത്തിക്കാന്‍ വൈകിയതിനു പിന്നില്‍ മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരുടെ കടുംപിടുത്തമാണെന്നാണ് പരാതി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് അതിഥി തൊഴിലാളി മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. 

മൃതദേഹം വേഗം നാട്ടില്‍ എത്തിക്കാന്‍ നെടുമ്പാശേരിയില്‍ നിന്ന് വിമാനമാര്‍ഗം പോകാനായിരുന്നു തീരുമാനിച്ചത്. അതിനായി ടിക്കറ്റും ബുക് ചെയ്തു. കാട്ടൂരില്‍ നിന്ന് പൊലീസിന്‍റെ എന്‍.ഒ.സി. വിമാനത്താവളത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ എന്‍.ഒ.സിയുടെ ഒറിജിനല്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണമെന്നായിരുന്നു സുരക്ഷാജീവനക്കാരന്‍റെ വാശി. കേരളത്തില്‍ മറ്റൊരിടത്തും ഈ കീഴ്വഴക്കമില്ല. അസ്വാഭാവിക മരണത്തിനു മാത്രമാണ് ഈ നടപടിക്രമം. 

നെടുമ്പാശേരി വിമാനത്താവളത്തില്‍ നല്‍കിയ എന്‍.ഒ.സി. ടാക്സി വിളിച്ച് മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടും മൃതദേഹം വിട്ടുകൊടുത്തില്ല. അതിഥി തൊഴിലാളികള്‍ മരിച്ചാല്‍ എംബാം ചെയ്ത് വിമാനമാര്‍ഗം കൊണ്ടുപോകാന്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ഏജന്‍സികളുണ്ട്. ഇവരുമായുള്ള ഒത്തുകളിയാണ് ജീവനക്കാരന്‍റേതെന്ന് സംഘടന ആരോപിച്ചു. ആരോപണ വിധേയനായ താല്‍ക്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും അന്വേഷണം പ്രഖ്യാപിച്ചതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

മനോരമ ന്യൂസ്,

​തൃശൂര്‍

ENGLISH SUMMARY:

Security Guard's Reluctance; Delay in Releasing the Body of the Guest Worker.