kalosavam

കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോല്‍സവത്തിലെ സ്റ്റേജ് മല്‍സരങ്ങള്‍ക്ക് തുടക്കമായി. 67 ഇനങ്ങളിലായി മൂവായിരത്തോളം കലാ പ്രതിഭകളാണ് മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന കലാമേളയില്‍ മാറ്റുരയ്ക്കുന്നത്. വേദിയെച്ചൊല്ലി വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സര്‍വകലാശാല നേരിട്ടാണ് കലോല്‍സവം നടത്തുന്നത്.  

പുനത്തില്‍ കുഞ്ഞബ്ദുല്ല നഗറിലെ ഗോസായിക്കുന്ന് വേദിയില്‍ കുച്ചിപ്പുടി മല്‍സരത്തോടെയായിരുന്നു സ്റ്റേജ് ഇനങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്. ശാസ്ത്രീയ സംഗീതം, ലളിതഗാനം, ഇംഗ്ലീഷ് നാടകം, മല്‍സരങ്ങളാണ് വേദി രണ്ടില്‍ പുരോഗമിക്കുന്നത്. വേദി മൂന്നായ കാരക്കാട് ദഫ് മുട്ട് മല്‍സരത്തിന് കാണികളുടെ മികച്ച പങ്കാളിത്തമായിരുന്നു. സ്റ്റേജ് മല്‍സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നടക്കും. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള 110 കോളജുകളില്‍ നിന്നാണ് മല്‍സരാര്‍ഥികള്‍. സര്‍വകലാശാല നേരിട്ട് നടത്തുന്ന കലോല്‍സവമായതിനാല്‍ രാഷ്ട്രീയം മറന്ന് വിദ്യാര്‍ഥികളുടെ മികച്ച പങ്കാളിത്തമുണ്ട്.