കണ്ണൂർ കണ്ണവം വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ ഒരാഴ്ചയായി കാണാനില്ല. പൊരുന്നൻ വീട്ടിൽ സിന്ധുവിനെയാണ് ഡിസംബർ 31 മുതൽ കാണാതായത്. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് ദിവസങ്ങളായി തിരച്ചിൽ നടത്തുകയാണെങ്കിലും നിരാശയാണ് ഫലം
വൈകുന്നേരങ്ങളിൽ വിറക് തേടി പതിവായി കാടിനുള്ളിലേക്ക് പോകാറുണ്ട് 40കാരിയായ സിന്ധു. ഒറ്റയ്ക്കാണ് സ്ഥിരം യാത്ര. അങ്ങനെ പോയതാണ് ഡിസംബർ 31ന് . ഒരുതവണ വിറക് ശേഖരിച്ചു കൊണ്ടുവന്ന് രണ്ടാമതും കാടിനുള്ളിലേക്ക് പോയിരുന്നു സിന്ധു. പിന്നെ തിരിച്ചുവന്നില്ല. കാടിനുള്ളിൽ പോയാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ചു വരാറുണ്ട്. 31 ന് രാത്രിയായിട്ടും മടങ്ങി വരാതായതോടെയാണ് ആശങ്കയേറിയത്.
വനത്തിനകത്ത് വിവിധ ഇടങ്ങളിലാണ് ദിവസങ്ങളായി തിരച്ചിൽ നടക്കുന്നത്. ജലാശയങ്ങൾ കേന്ദ്രീകരിച്ചും തിരയുന്നുണ്ട്. കുറേക്കൂടി കാര്യക്ഷമമായ തിരച്ചിൽ നടക്കണമെന്നും ഡ്രോണുകൾ ഉപയോഗപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വനമേഖലയ്ക്ക് പുറമേ സമീപ പഞ്ചായത്തുകളിലും തിരച്ചിൽ നടന്നുവരികയാണ്. 8 കിലോമീറ്റർ ചുറ്റളവിൽ ഇതിനകം തന്നെ തിരഞ്ഞിട്ടുണ്ട്. എന്നിട്ടും ഫലം ഉണ്ടായിട്ടില്ല. സിന്ധുവിന് എന്തുപറ്റിയെന്ന് അറിയാതെ ആധിയിലാണ് ഒരു നാട് മുഴുവൻ.