കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരുടെ ലഗേജില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ദുബായിലേക്കും. യാത്രക്കാരുടെ സാധനങ്ങള്‍ വിമാനത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതില്‍ പ്രതിഷേധം ശക്തമായതോടെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എയര്‍ഇന്ത്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ലഗേജ് ബാഗുകളുടെ പൂട്ടുകള്‍ പൊട്ടിച്ച് മോഷണം നടക്കുന്നത് ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ വച്ചാണന്ന നിഗമനത്തിലാണ് എയര്‍ഇന്ത്യ. ദുബായ് പൊലീസ് കേസെന്വേഷണം ആരംഭിക്കുന്നതോടെ മോഷണത്തിന് തുമ്പാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചേക്കും. കരിപ്പൂരില്‍ എത്തുന്ന യാത്രക്കാരുടെ ലഗേജിലെ സാധനങ്ങള്‍ മോഷണം പോകുന്നതായി മുന്‍പ് പരാതി ലഭിച്ചിട്ടില്ലെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പക്ഷം. 

കസ്റ്റംസ് പരിശോധനക്കിടെ സാധനങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് നേരത്തെയുളള പരാതി. വിമാനത്താവള അതോറിറ്റിയെ പരാതി അറിയിച്ചതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി എന്നിവരുമായി പി.കെ. കു​ഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി. ഉത്തരവാദിത്തം ഏറ്റെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.