കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ കോടതിയിലേക്ക്. നിരോധനം കാരണം കച്ചവടം കുറഞ്ഞെന്നാണ് വ്യാപാരികളുടെ പരാതി. വാഹനം കടത്തിവിടേണ്ടതില്ലെന്ന നിലപാടാണുള്ളതെന്ന് മേയര്‍ അറിയിച്ചു.    

മിഠായിത്തെരുവിന്റെ നവീകരണത്തോടെയാണ് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വ്യാപാരികള്‍ ത‍ടസം നിന്നെങ്കിലും രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയുള്ള നിരോധനം തുടര്‍ന്നു. വാഹനം കടത്തിവിടണമെന്ന ആവശ്യവുമായി വ്യാപാരികള്‍ നിരവധി പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ജില്ലാഭരണകൂടവും കോര്‍പ്പറേഷനും ഗതാഗതം അനുവദിക്കാന്‍ തയാറായില്ല. വാഹനനിയന്ത്രണം സഞ്ചാരികള്‍ പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. സ്വതന്ത്രമായി ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതിന് വാഹനമില്ലാത്തതാണ് ഉചിതമെന്നുമായിരുന്നു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ കോടതിയെ സമീപിക്കുന്നത്.വില്‍പന കുറഞ്ഞതിനൊപ്പം പലരും കടക്കെണിയിലായിട്ടുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. കച്ചവടം കാര്യമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. നിലവിലെ സ്ഥിതി തുടരുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. വ്യാപാരികളുടെ ആവശ്യം ന്യായമാണെങ്കിലും ഭൂരിപക്ഷാഭിപ്രായം വാഹനം കടത്തിവിടേണ്ടതില്ലെന്ന നിലപാടിലാണ്. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്.