കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഈ മാസം 24ന് കരിപ്പൂര്‍ സന്ദര്‍ശിക്കും.

ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് കൂടി സര്‍വീസ് നടത്താന്‍ ആവശ്യമായ റണ്‍വേ, റിസ നവീകരണജോലികള്‍ പൂര്‍ത്തിയാവുകയാണ്. നിര്‍മാണം മൂലം ഏര്‍പ്പെടുത്തിയ വിമാനസര്‍വീസിനുളള നിയന്ത്രണവും എടുത്തുമാറ്റി. ഡി.ജി.സി.എ സംഘം പലവട്ടം കരിപ്പൂരില്‍ വന്ന് പരിശോധന നടത്തി. അഗ്നിശമന സുരക്ഷ സംബന്ധിച്ച കാറ്റഗറി ഒന്‍പതില്‍ നിന്ന് ഏഴിലേക്ക് കരിപ്പൂരിനെ തരം താഴ്ത്തിയ നടപടിയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്‍മാറി. ഇടത്തരം വിമാനങ്ങള്‍ക്ക് കൂടി സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ശുപാര്‍ശയും സമര്‍പ്പിച്ചു കഴിഞ്ഞു.

എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്റെ സന്ദര്‍ശനത്തിന് ശേഷം ഇടത്തരംവലിയ വിമാനങ്ങള്‍ക്ക് കൂടി ഡി.ജി.സി.എയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക നടപടികക്രമങ്ങള്‍ ജനപ്രതിനിധികളെ കൂടി അറിയിക്കണമെന്ന് കരിപ്പൂര്‍ വിമാനത്താവള ഉപദേശകസമിതി യോഗത്തില്‍ പങ്കെടുത്ത എം.പി.മാര്‍ ആവശ്യപ്പെട്ടു. കരിപ്പൂര്‍ വികസനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഈ മാസം 18ന് കേരളത്തില്‍ നിന്നുളള എം.പിമാര്‍ കേന്ദ്ര വ്യോമയാനമന്ത്രിയെ കാണും.